യശ്ശഃശരീരനായ കാഥികന്‍ വി. സാംബശിവന്  ജ•നാട്ടില്‍ നിര്‍മിക്കുന്ന സ്മാരകത്തിന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ ശിലയിട്ടു. ചവറ തെക്കുംഭാഗം കല്ലുംപുറത്ത് സാംബശിവന്റെ മകന്‍ പ്രഫ. വസന്തകുമാര്‍ സാംബശിവന്‍ നല്‍കിയ ഭൂമിയിലാണ് സാംസ്‌കാരിക വകുപ്പ് 51 ലക്ഷം രൂപ ചെലവിട്ട് സ്മാരകം നിര്‍മിക്കുന്നത്. ആദ്യ ഗഡുവായി സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിച്ചിരുന്നു.
സാംസ്‌കാരിക മേഖലയില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചതായി മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും വിഖ്യാത          സാംസ്‌കാരിക നായകരുടെ പേരില്‍ സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനു പുറമെ പ്രാദേശികമായും സാംസ്‌കാരിക     നിലയങ്ങള്‍ സ്ഥാപിക്കും. സാംബശിവന്‍ സ്മാരകത്തിന് ആവശ്യമെങ്കില്‍ 50 ലക്ഷം രൂപകൂടി അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വി. സാംബശിവന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് എന്‍. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  കെ.എന്‍. ബാലഗോപാല്‍ എം.പി, എം.എല്‍.എമാരായ എന്‍. വിജയന്‍പിള്ള, എം. നൗഷാദ്, മുന്‍ മേയര്‍ പി. പത്മലോചനന്‍, തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡന്റ് പി. അനില്‍കുമാര്‍, ഫൗണ്ടേഷന്‍ സെക്രട്ടറി ഡോ. വസന്തകുമാര്‍ സാംബശിവന്‍, കാഥികന്‍ വി. ഹര്‍ഷകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി. സ്വാഗതസംഘം ചെയര്‍മാന്‍ പി. മനോഹരന്‍ ആമുഖ പ്രഭാഷണം നടത്തി.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മിച്ച് പി. ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ‘കഥാകഥനത്തിന്റെ രാജശില്‍പ്പി’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും പരിപാടിയോടനുബന്ധിച്ചു നടന്നു.