പുനരുദ്ധാരണ നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം ടൂറിസം മന്ത്രി നിർവഹിച്ചു

തൃശ്ശൂർ: മുസിരിസ് പൈതൃക പദ്ധതിയിലുൾപ്പെടുത്തി ഐരാണിക്കുളം ക്ഷേത്ര പുനരുദ്ധാരണ നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവഹിച്ചു. വി ആർ സുനിൽ കുമാർ എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പി നന്ദകുമാർ മുഖ്യാതിഥിയായി. മാള ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൺ, കുഴൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാജൻ കൊടിയൻ, ജില്ലാ പഞ്ചായത്ത്‌ അംഗം ശോഭന ഗോകുൽ നാഥ്‌, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷിജി യാക്കോബ്, കൊച്ചിൻ ദേവസ്വം ബോർഡ്‌ അംഗങ്ങളായ എം ജി നാരായണൻ, വി കെ അയ്യപ്പൻ, മുസിരിസ് പദ്ധതി മാനേജിങ് ഡയറക്ടർ പി എം നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.

ചേര രാജാക്കന്മാരുടെ നാല് തളി ക്ഷേത്രങ്ങളിൽ ഒന്നായ ഐരാണിക്കുളം ക്ഷേത്ര
പുനരുദ്ധാരണ പ്രവർത്തികൾക്കായി 3.4 കോടി രൂപയാണ് വകയിരുത്തിയത്. കേരളത്തിലെ ഏറ്റവും വലിയ മധ്യകാലക്ഷേത്രങ്ങളിലൊന്നാണ് ഐരാണിക്കുളം മഹാദേവക്ഷേത്രം. എ ഡി ഒൻപത്, പത്ത് നൂറ്റാണ്ടുകൾക്കിടയിലാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണം എന്ന് പുരാണ ലിഖിതങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ഇരുനിലവട്ട ശ്രീകോവിലും ബലിക്കല്ലുകളും ചതുരാകൃതിയിലുള്ള ശ്രീകോവിലും ഐരാണിക്കുളം ക്ഷേത്രത്തിൻ്റെ പ്രത്യേകതയാണ്.

വൃത്താകൃതിയിലുള്ള ശ്രീകോവിലും മുഖമണ്ഡപവും ഒഴികെ, മണ്ഡപത്തിന്റെയും മറ്റു ക്ഷേത്ര ഭാഗങ്ങളുടെയും അടിസ്ഥാനം മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. നാശോന്മുഖമായ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടൊപ്പം ഊട്ടുപുരയുടെ അനുയോജ്യമല്ലാത്ത കൂട്ടിചേര്‍ക്കലുകള്‍ ഒഴിവാക്കി പരമ്പരാഗത ശൈലിയില്‍ ഓടു മേഞ്ഞ് തനിമ നിലനിർത്തി സംരക്ഷിക്കാനാണ് മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് പദ്ധതി ലക്ഷ്യമിടുന്നത്.
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ലോക ജനശ്രദ്ധയാകർഷിക്കപ്പെടുന്ന ഒരു സംരക്ഷിത ആരാധനാലയമാവും ഐരാണിക്കുളം മഹാദേവക്ഷേത്രം.