കാസര്‍ഗോഡ്: ആരിക്കാടിയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന കിദൂര്‍ ഏകദേശം 170 ഓളം പക്ഷികളുടേയും ദേശാടനക്കിളികളുടേയും സാന്നിദ്ധ്യം കൊണ്ട് അനുഗൃഹീതമാണ്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുനിന്നുമുളള പക്ഷി നിരീക്ഷകരുടേയും പ്രകൃതി സ്‌നേഹികളുടേയും മുഖ്യ ആകര്‍ഷണകേന്ദ്രമാക്കി കിദൂരിനെ മാറ്റാന്‍ സാധിക്കും.പക്ഷികളുടെ സ്വഭാവിക ആവാസ വ്യവസ്ഥയായ കുമ്പള ഗ്രാമപഞ്ചായത്തിലെ കിദൂറില്‍ 2.7 കോടി രൂപയാണ് ഗ്രാമീണ ടൂറിസം പദ്ധതിക്കായി വകയിരുത്തിയത്.പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.

ക്യാമ്പിങ്ങിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.നദീതീര നടപ്പാത, വിശ്രമകേന്ദ്രം, ഫവലൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കല്‍, വൃക്ഷ സംരക്ഷണ വലയങ്ങളോട് കൂടിയ ഇരിപ്പിടം തുടങ്ങിയവയവ പദ്ധതിയുടെ ഭാഗമായി ഒരുങ്ങും. സോളാര്‍ തെരുവ് വിളക്കുകള്‍, ആധുനിക ശൗചാലയങ്ങള്‍, എഫ്.ആര്‍.പി മാലിന്യ ശേഖരണ സംവിധാനങ്ങളും പദ്ധതിയിലുണ്ട്. പക്ഷിസങ്കേതത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ആവശ്യമായ സ്ഥലം പഞ്ചായത്ത് വിട്ടുനല്‍കിയിട്ടുണ്ട്. പൂര്‍ണമായും പ്രകൃതിക്ക് ഇണങ്ങുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്.