വൈഗയുടെ അഞ്ചാം പതിപ്പായ ‘വൈഗ അഗ്രി ഹാക്ക് 2021’ ഫെബ്രുവരി 10 മുതൽ 14 വരെ തൃശ്ശൂരിൽ നടക്കും. കാർഷികോൽപന്ന സംസ്‌കരണവും മൂല്യവർധനവും അടിസ്ഥാനമാക്കി സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പ്രദർശനവും ശില്പശാലയുമാണ് ഇത്തവണ വൈഗ അഗ്രി ഹാക്ക് 2021 എന്ന പേരിൽ നടക്കുക.

കോവിഡ് പ്രോട്ടോകോൾ നില നിൽക്കുന്നതിനാൽ തേക്കിൻകാട് മൈതാനിയിലെ സ്ഥിരം വേദിയിൽ നിന്നും ജില്ലയിലെ വ്യത്യസ്ത ഇടങ്ങളിലാണ് വൈഗക്ക് വേദിയൊരുങ്ങുക. റീജണൽ തിയേറ്റർ, സാഹിത്യ അക്കാദമി ഹാൾ, ഇൻഡോർ സ്റ്റേഡിയം, ടൗൺഹാൾ, യാത്രി നിവാസ് എന്നിവിടങ്ങളിലായാണ് മേള സംഘടിപ്പിക്കുക.

നൂതന സാങ്കേതികവിദ്യകളും ആശയങ്ങളും കണ്ടെത്തുന്നതിനും കാർഷികമേഖലയിൽ അവ ഉപയോഗപ്പെടുത്തുന്നതിനുമായി അഗ്രി ഹാക്കത്തോൺ കൂടി സംഘടിപ്പിക്കപ്പെടുന്നുവെന്നതാണ് ഇത്തവണത്തെ വൈഗയുടെ പ്രത്യേകതയെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു.