തിരുവനന്തപുരം:  ജില്ലയിലെ സി.എഫ്.എല്‍.റ്റി.സികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ സഹായിക്കുന്നതിനായി ഇനി റോബോട്ടിന്റെ സേവനം.  ബാര്‍ട്ടണ്‍ ഹില്‍ എഞ്ചിനീയറിംഗ് കോളേജിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നിര്‍മിച്ച ‘മിഡില്‍മാന്‍’ എന്ന റോബോട്ടാണ് ജില്ലയിലെ കോവിഡ് പ്രതിരോധ രംഗത്തെ പുതിയ അതിഥി.  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ സി.എഫ്.എല്‍.ടി.സിയിലാണ് നിലവില്‍ റോബോട്ടിന്റെ സേവനം ലഭിക്കുക.  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് റോബോട്ടിനെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ് ഷിനുവിനു കൈമാറി.
നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷണമെത്തിക്കുക, ആരോഗ്യസ്ഥിതി മനസിലാക്കി ഡോക്ടറെ അറിയിക്കുക, സാനിറ്റൈസര്‍ നല്‍കുക എന്നിവ റോബോട്ട് നിര്‍വഹിക്കും. ഡോക്ടറുമായി വീഡിയോ കോണ്‍ഫെറെന്‍സിംഗിലൂടെ സംവദിക്കാനും റോബോട്ട് അവസരമൊരുക്കും.  മിഡില്‍ മാന്‍ എന്ന ആപ്പ് വഴിയാണ് വീഡിയോ കോണ്‍ഫറന്‍സ് നടത്തുക.  റിമോട്ടിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന റോബോട്ടില്‍ ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ വയ്ക്കാന്‍ പ്രത്യേകം അറകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
പള്‍സ് ഓക്സിമീറ്റര്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ രോഗികളുടെ ഓക്സിജന്‍ ലെവല്‍ ഡോക്ടര്‍ക്ക് അറിയാന്‍ സാധിക്കും.  ഫൈബറും തടിയും കൊണ്ട് നിര്‍മിച്ചിട്ടുള്ളതിനാല്‍ റോബോട്ടിന് ഭാരം നന്നേ കുറവാണ്.  നാല് മണിക്കൂര്‍ ചാര്‍ജ് നില്‍ക്കുന്ന ബാറ്ററിയാണ് റോബോട്ടില്‍ ഉള്ളത്. നിലവില്‍ കാര്യവട്ടം സി.എഫ്.എല്‍.റ്റി.സികളില്‍ നിരീക്ഷണത്തിലുള്ള 93 പേര്‍ക്കും റോബോട്ടിന്റെ സേവനം ലഭിക്കുമെന്നും വിദ്യാര്‍ത്ഥികളുടെ ഇത്തരത്തിലുള്ള കണ്ടുപിടുത്തങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജമേകുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.  അധ്യാപകരായ അനീഷ് കെ ജോണ്‍, എലിസബത്ത് ചെറിയാന്‍ എന്നിവരാണ് റോബോട്ട് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, കോളേജ് അധികൃതര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.