മലപ്പുറം: തയ്യല്‍ മേഖലയില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കി തണലാകുകയാണ് കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്. തയ്യല്‍ തൊഴിലായി സ്വീകരിച്ചവര്‍ക്ക് വിവിധങ്ങളായ ക്ഷേമ പദ്ധതികളാണ് ബോര്‍ഡ് നടപ്പാക്കി വരുന്നത്. തയ്യല്‍ തൊഴിലാളികള്‍ക്കും തയ്യല്‍ സ്വയം തൊഴിലായി സ്വീകരിച്ചവര്‍ക്കും ക്ഷേമനിധിയില്‍ അംഗങ്ങളാകാം. അവശതാ പെന്‍ഷന്‍, റിട്ടയര്‍മെന്റ് പെന്‍ഷന്‍, പ്രസവ ആനുകൂല്യം, മരണനന്തര സഹായം, ചികിത്സ സഹായം, വിവാഹ ധന സഹായം, വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്, സ്‌കോളര്‍ഷിപ്, ടെര്‍മിനല്‍ റഫണ്ട് എന്നീ പദ്ധതികളിലൂടെ തയ്യല്‍ തൊഴിലാളികളുടെ ക്ഷേമം സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ ഉറപ്പാക്കുന്നു.
 

ആനുകൂല്യങ്ങള്‍

1. അവശത പെന്‍ഷന്‍
60 വയസ്സ് തികഞ്ഞ ജോലി ചെയ്യാന്‍ കഴിയാതെ അവശരായ അംഗങ്ങള്‍ക്ക് പ്രതിമാസം 1,600 രൂപ പെന്‍ഷന്‍. ക്ഷേമ നിധിയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സ്ഥിരാംഗത്വം ഈ അനുകൂല്യത്തിന് ആവശ്യമാണ്.
2. റിട്ടയര്‍മെന്റ് പെന്‍ഷന്‍
ക്ഷേമ നിധിയില്‍ അംഗങ്ങളായവര്‍ക്ക് 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ സര്‍വീസ് ദൈര്‍ഘ്യമനുസരിച്ച് 1,600 രൂപ പ്രതിമാസ പെന്‍ഷനായി ലഭിക്കുന്നു. മൂന്നു വര്‍ഷത്തില്‍ കുറയാത്ത അംഗത്വ കാലാവധിയുള്ളവരെയാണ് പരിഗണിക്കുക.
3. പ്രസവ ആനുകൂല്യം
ക്ഷേമനിധിയില്‍ ഒരു വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംഗത്വമുള്ള വനിതാ അംഗങ്ങള്‍ക്ക് രണ്ട് പ്രസവങ്ങള്‍ക്ക് 15,000 രൂപ ധന സഹായം.
5. ചികിത്സാ ധനസഹായം
ക്ഷേമനിധിയില്‍ അംഗങ്ങളാകുന്നതോടെ തയ്യല്‍ തൊഴിലാളികള്‍ക്ക് ചികിത്സാ സഹായം ഉറപ്പാക്കപ്പെടുന്നു. ചികിത്സാ ചെലവ് പരിഗണിച്ച് പരമാവധി 5,000 രൂപ വരെ ഇത്തരത്തില്‍ അംഗങ്ങള്‍ക്ക് ലഭിക്കും.
6. വിവാഹ ധനസഹായം
തയ്യല്‍ തൊഴിലാളികളായ പുരുഷന്മാര്‍ക്ക് 1,000 രൂപയും സ്ത്രീകള്‍ക്ക് 2,000 രൂപയും വിവാഹ ധനസഹായം ലഭ്യമാക്കുന്നു.
7. വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌ക്കാരം
പത്താം തരത്തില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് ലഭിക്കുന്ന ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് പ്രത്യേക വിദ്യാഭ്യാസ പുരസ്‌ക്കാരം. 1,000 രൂപയുടെ സമ്മാനത്തുകയാണ് ഈയിനത്തില്‍ നല്‍കുന്നത്.
8. സ്‌കോളര്‍ഷിപ്പ്
ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് പഠനാവശ്യത്തിന് പ്രതിവര്‍ഷം 1,000 രൂപ മുതല്‍ 5,000 രൂപ വരെ സ്‌കോളര്‍ഷിപ്പ്. പ്ലസ് വണ്‍ മുതല്‍ ഉയര്‍ന്ന കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയാണ് ഇതിനായി പരിഗണിക്കുക.
9. ടെര്‍മിനല്‍ റീഫണ്ട്
റിട്ടയര്‍ ചെയ്യുന്ന അംഗങ്ങള്‍ക്ക് അവരുടെ അംശാദായവും ബോര്‍ഡിന്റെ വിഹിതവും ചേര്‍ത്തുള്ള തുക റീഫണ്ടായി നല്‍കുന്നു. പരമാവധി 60,000 രൂപ വരെയാണ് ഇത്തരത്തില്‍ ലഭ്യമാകുക.