തൃശ്ശൂർ:മണലൂർ കാരമുക്ക് ഗവ. ഐടിഐ സ്കൂളിൻ്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു. തൊഴില്‍ നൈപുണ്യവകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു. മുരളി പെരുനെല്ലി എം എൽ എ അധ്യക്ഷത വഹിച്ചു.

ഇതോടൊപ്പം വർക്കല, തിരുവമ്പാടി, കഞ്ഞിക്കുഴി തുടങ്ങിയ ഐടിഐ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മന്ത്രി ഓൺലൈനായി നിർവഹിച്ചു.

തൊഴിലധിഷ്ഠിത പഠനങ്ങൾക്ക്
പ്രാധാന്യം നൽകിക്കൊണ്ട് കൂടുതൽ വിദ്യാർത്ഥികൾക്ക് വ്യത്യസ്ത ട്രേഡുകളിൽ ഉയർന്ന നിലവാരത്തിൽ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സാങ്കേതിക സൗകര്യങ്ങളോടെ പണിതുയർത്തുന്ന പുതിയ ഐടിഐ സ്കൂളുകളുടെ ലക്ഷ്യമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.

മണലൂർ ഗ്രാമപഞ്ചായത്തിലെ വനിതാ വ്യവസായ കേന്ദ്രത്തിൽ 2010 ൽ ആരംഭിച്ച ഐടിഐ ആണ് നിലവിൽ 50 സെൻറ് സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ മൂന്ന് നിലകളിലായി പണിതുയർത്തിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ 1.30 കോടി രൂപയും രണ്ടാം ഘട്ടത്തിൽ 1.10 കോടി രൂപയും ചേർത്ത് ആകെ 2.40 കോടി രൂപ ചെലവഴിച്ചു കൊണ്ടാണ് പുതിയ ഐടിഐ സ്കൂൾ കെട്ടിടം പൂർത്തീകരിച്ചത്. പുതിയ കെട്ടിടത്തിൽ മൂന്നുനിലകളിലുമായി ക്ലാസ് മുറികൾ ഉൾപ്പെടെ എം എം വി ലാബ്, ഐടി റൂം, ഡ്രാഫ്റ്റ്മെൻ സിവിൽ ലാബ്, ലൈബ്രറി, ലേഡീസ് റൂം, പ്രിൻസിപ്പാൾ ഓഫീസ്, അഞ്ച് ശുചിമുറികൾ, കെട്ടിടത്തിനോട് ചേർന്നുള്ള പാർക്കിങ് തുങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്.

നിലവിൽ ഡി/സിവിൽ, എംഎംവി എന്നീ രണ്ടു ട്രേഡുകളാണ് മണലൂർ ഐടിഐ യിൽ ഉള്ളത്. എൻസിവിടി അംഗീകാരം ലഭിച്ച ഈ ട്രേഡുകളിൽ 15 കമ്പനികളിലായി ഡി/സിവിൽ ട്രേഡിലെ 90 ട്രെയിനികൾക്കും എംഎംവി ട്രേഡിൽ നിന്നും 112 ട്രെയിനികൾക്കും ഇതിനോടകം ജോലി ലഭിച്ചിട്ടുണ്ട്. കൂടാതെ പിഡബ്ല്യുഡി, വാട്ടർ അതോറിറ്റി തുടങ്ങിയ വകുപ്പുകളിലും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്ക് ജോലി ലഭിച്ചിട്ടുണ്ട്. നിലവിലുള്ള ട്രേഡുകൾക്ക് പുറമെ ഇഎൽ, വെൽഡർ, ഡി/മെക്ക്, സിഎഫ്പിജി എന്നീ ട്രേഡുകൾ ആരംഭിക്കുന്നതിന് ശുപാർശയും നൽകി കഴിഞ്ഞിട്ടുണ്ട്.

കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എംഎൽഎ നടപടികൾ സ്വീകരിച്ച് വരികയാണ്.

ചടങ്ങിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി കെ കൃഷ്ണകുമാർ, വ്യവസായിക പരിശീലന വകുപ്പ് അഡീഷണൽ ഡയറക്ടർ ബി ജസ്റ്റിൻ രാജ്, വ്യവസായിക പരിശീലന വകുപ്പ്
ജോയിൻ്റ് ഡയറക്ടർ കെ പി ശിവശങ്കർ, ഇൻസ്പെക്ടർ ഓഫ് ട്രെയിനിങ് പി കെ രഘുനാഥൻ,
ചാലക്കുടി ഐ ടി ഐ പ്രിൻസിപ്പൽ പികെ ആബിദ, മണലൂർ ഐടിഐ പിടിഎ പ്രസിഡൻ്റ് രേഖ സുനിൽ,
ട്രെയിനീസ് കൗൺസിൽ ചെയർമാൻ വി ജി അരുൺ കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.

വ്യാവസായിക പരിശീലന വകുപ്പ്
ഡയറക്ടർ ഡോക്ടർ എസ് ചിത്ര ഐഎഎസ് സ്വാഗതവും ഗവൺമെൻ്റ് ഐടിഐ മണലൂർ പ്രിൻസിപ്പൽ എം എസ് സൗജ നന്ദിയും പറഞ്ഞു.