തിരൂര്‍ താലൂക്കിന് രാവിലെയും പൊന്നാനി താലൂക്കിന് ഉച്ചക്ക് ശേഷവും നടക്കും

മലപ്പുറം: പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും ഉടനടി പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ മൂന്ന് ദിവസങ്ങളില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്തിന്   ( ഫെബ്രുവരി എട്ട്) പൊന്നാനി എം.ഇ.എസ് കോളജില്‍ തുടക്കമാകും. തിരൂര്‍, പൊന്നാനി താലൂക്കുകളുടെ അദാലത്താണ് പൊന്നാനി എം.ഇ.എസ് കോളജില്‍ നടക്കുന്നത്. അദാലത്തിലേക്ക് പരാതികള്‍ സമര്‍പ്പിക്കുന്നതിനും മറ്റുമായി തിരൂര്‍ താലൂക്കിലുളളവര്‍ക്ക് രാവിലെ ഒന്‍പതിനും പൊന്നാനി താലൂക്കിലുളളവര്‍ക്ക് ഉച്ചക്ക് ഒന്നിന്  ശേഷവും പങ്കെടുക്കാം.
അദാലത്ത് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷണന്‍ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ അധ്യക്ഷനാവും. തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍, ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാവും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ   വി. അബ്ദുറഹിമാന്‍, സി. മമ്മുട്ടി, ആബിദ് ഹുസൈന്‍ തങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ, ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം തുടങ്ങിയവര്‍ പങ്കെടുക്കും.
പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. അദാലത്തിന് ഏതെങ്കിലും വിധത്തിലുള്ള രോഗങ്ങളോ കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവരോ സമ്പര്‍ക്കത്തിലുള്ളവരും പങ്കെടുക്കരുത്. ഇവര്‍ക്ക് പരാതികളുണ്ടെങ്കില്‍ മറ്റൊരാള്‍ക്ക് ഇവരെ പ്രതിനിധീകരിച്ച് പങ്കെടുക്കാം. 65 വയസിന് മുകളിലുള്ളവരും 10 വയസിന് താഴെയുള്ളവരും അദാലത്തില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണം. ഒരു കുടുംബത്തെ പ്രതിനിധീകരിച്ച് പരമാവധി ഒരാള്‍ക്കും വികലാംഗരായ പരാതിക്കാരുടെ സഹായത്തിന് ഒരാളും എന്ന രീതിയിലാണ് അദാലത്തില്‍  പങ്കെടുക്കേണ്ടത്. അദാലത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന വരെ പ്രധാന കവാടത്തില്‍ ശരീര ഊഷ്മാവു പരിശോധിച്ചശേഷം സാനിറ്റൈസര്‍ നല്‍കിയാണ്  പ്രവേശിപ്പിക്കുക.
അദാലത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ സൗകര്യങ്ങളാണ് പൊന്നാനിയില്‍ ഒരുക്കിയിട്ടുള്ളത്. എല്ലാ വകുപ്പുകളുടേയും പ്രത്യേക കൗണ്ടറുകള്‍ ഉണ്ടാകും. ഉദ്യോഗസ്ഥതലത്തില്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന പരാതികള്‍ സംബന്ധിച്ച മറുപടി പൊതുജനങ്ങള്‍ക്ക് ഈ കൗണ്ടറുകളില്‍നിന്നു നേരിട്ടു ലഭിക്കും. സര്‍ക്കാര്‍തലത്തില്‍ തീര്‍പ്പാക്കേണ്ട കേസുകള്‍ മന്ത്രിമാര്‍, ജില്ലാതല ഓഫീസര്‍മാര്‍ എന്നിവര്‍ പരിശോധിക്കും. കൂടാതെ മെഡിക്കല്‍ സംഘത്തിന്റെ സേവനവും ഉണ്ടായിരിക്കും.