എറണാകുളം: സുസ്ഥിരമായ ഗതാഗതം എന്ന കാഴ്ചപ്പാടിൻ്റെ സാക്ഷാത്കാരമായി വാട്ടർ മെട്രോ മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നു വരുന്നത്. അതിൽ ഏറ്റവും പ്രധാനം നഗര ഗതാഗതത്തിൻ്റെ പുത്തൻ അടയാളമായി മാറിയ കൊച്ചിമെട്രോയാണ്. കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ റൂട്ടിൻ്റെയും ടെർമിനലുകളുടെയും ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പേട്ടയിൽ നിർമ്മാണം പൂർത്തിയാക്കിയ പനംകുറ്റി പാലം, കനാൽ നവീകരണ പദ്ധതി, പുനരധിവാസകേന്ദ്രം നിർമ്മാണം എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി നിർവഹിച്ചു.

നഗര ഗതാഗത സംവിധാനത്തിൽ ജലഗതാഗതം സുഗമമാക്കൽ വളരെ പ്രധാനമാണ്. വാട്ടർ മെട്രോയ്ക്ക് കാര്യക്ഷമമായ ഹരിത ഗതാഗത സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. യാത്രയ്ക്ക് എയർകണ്ടീഷൻ ബോട്ടുകളാണ് ഉപയോഗിക്കുന്നത്. ഫ്ലോട്ടിങ് ജെറ്റുകളാണ് അവതരിപ്പിക്കുന്നത്. ഇതിലൂടെ രാജ്യത്ത് ആദ്യമായി ഭിന്നശേഷി സൗഹൃദമായ ഗതാഗത സംവിധാനമായി വാട്ടർ മെട്രോ മാറുകയാണ്. പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ ഫോസിൽ ഇന്ധനങ്ങൾ വഴി ഉണ്ടാകുന്ന പാരിസ്ഥിതിക നാശവും പരിഹരിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തിൽ കൊച്ചിയുടെ സമീപത്തുള്ള പത്ത് മനോഹര ദ്വീപുകളിലാണ് ബന്ധിപ്പിക്കുന്നത്. ദ്വീപുകൾ നഗരവുമായി ബന്ധിപ്പിക്കുന്ന ഇതിലൂടെ ദീപ നിവാസികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാധിക്കും. 38 ടെർമിനലുകളും 78 ബോട്ടുകളുമാണ് കൊച്ചി വാട്ടർ മെട്രോയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇതിൽ ആദ്യഘട്ടത്തിൽ വൈറ്റില മുതൽ കാക്കനാട് വരെ 16 ടെർമിനലുകൾ ആണ് നിർമ്മിക്കുന്നത്. പിന്നീട് ഇൻഫോപാർക്ക് – സ്മാർട്ട് സിറ്റി വരെ ദീർഘിപ്പിക്കും. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട ദീർഘിപ്പിക്കൽ കൂടി പൂർത്തിയാകുന്നതോടെ ഇവിടെ ജോലി ചെയ്യുന്നവരുടെ യാത്ര കൂടുതൽ സുഗമമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പേട്ട – തൃപ്പൂണിത്തുറ തമ്മിൽ ബന്ധിപ്പിക്കുന്ന പനംകുറ്റി പാലം പേട്ടയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാണ്. പൂർണ നദിക്ക് കുറുകെ 50 വർഷം പഴക്കമുള്ള പാലത്തിനു പകരം കാൽനടയാത്രക്കാർക്ക് കൂടി സൗകര്യപ്രദമായ രീതിയിലാണ് പുതിയ പാലം നിർമ്മിച്ചിരിക്കുന്നത്. 17 കോടി 20 ലക്ഷം രൂപയാണ് പാലത്തിൻ്റെ നിർമ്മാണചിലവ്. 230 മീറ്റർ നീളമുള്ള പാലത്തിൻ്റെ ഓരോ 70 മീറ്റർ നീളത്തിലും 5 സ്പാനുകളും അപ്രോച്ച് റോഡുകളും സ്ഥാപിച്ചിട്ടുണ്ട്. 22 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാൻ ഉദ്ദേശിച്ച പദ്ധതി 15 മാസം കൊണ്ട് പൂർത്തിയാക്കാൻ സാധിച്ചു. കൊച്ചി മെട്രോയുടെ പ്രവർത്തന മികവാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊച്ചിയിലെ കനാലുകളെ പുനസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ 1528 കോടി ചിലവഴിച്ചു നടപ്പിലാക്കുന്ന ഉം .സംയോജിത നഗര നവീകരണ ജലഗതാഗത പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കനാലുകൾ നവീകരിക്കുന്നത്. കൊച്ചിയിലെ ആറ് പ്രധാന കനാലുകളെ കൊച്ചിയെ ചുറ്റുന്ന നദികളിലേക്ക് പ്രവേശനത്തിനായി ഉപയോഗിക്കുക എന്നതാണ് ലക്ഷ്യം. പദ്ധതി നടപ്പിലാകുന്നതോടെ 34 കിലോമീറ്റർ സുഗമമായി യാത്ര ചെയ്യാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

പദ്ധതികൾ നടപ്പിലാക്കുമ്പോൾ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് പുനരധിവാസത്തിനായി നിർമ്മിക്കുന്ന ഭവന സമുച്ചയത്തിൻ്റെ നിർമാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് കേവലം താമസ സൗകര്യം മാത്രമല്ല, സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. മനുഷ്യനെ കാണാതെയുള്ള വികസനമല്ല മറിച്ച് ജനങ്ങളെ ചേർത്തുവച്ചുകൊണ്ടുള്ള വികസനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, ജി. സുധാകരൻ, ടി. പി. രാമകൃഷ്ണൻ എന്നിവരും ഹൈബി ഈഡൻ എംപി, എംഎൽഎമാരായ പിടി തോമസ്, എസ് ശർമ, കെ ജെ മാക്സി, എം സ്വരാജ്, ടി ജെ വിനോദ്, കൊച്ചി മേയർ അഡ്വ എം അനിൽ കുമാർ, തൃക്കാക്കര മുൻസിപ്പാലിറ്റി ചെയർപേഴ്സൺ അജിത തങ്കപ്പൻ, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ റീമ സന്തോഷ്, ജർമൻ അംബാസഡറും ചടങ്ങിൽ പങ്കെടുത്തു.