മലപ്പുറം:  ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ചോര്‍ച്ച അടക്കല്‍ പ്രവൃത്തികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ നിർവഹിച്ചു.ചമ്രവട്ടം മുതൽ കുറ്റിപ്പുറം പാലം വരെ ഭാരതപ്പുഴയിലെ ജലനിരപ്പ് ഉയർത്താൻ പദ്ധതി പൂർത്തീകരണത്തിലൂടെ സാധ്യമാകുമെന്നും ഇത് കർഷകർക്കും സമീപപ്രദേശങ്ങളിലുള്ളവർക്കും ആവശ്യമായ ജലം ലഭ്യമാകുന്നതിന് ഇടയാക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ അസാധ്യമെന്ന് കരുതിയ ഒരു പ്രവൃത്തി കൂടിയാണ് ഈ സർക്കാർ സാധ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി ഡോ. കെ ടി ജലീലിൻ്റെ ഇടപെടലിനെ തുടർന്ന് സർക്കാർ അനുവദിച്ച 32.6 കോടി രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭാരതപ്പുഴയിലെ വ്യാപകമായ മണലെടുപ്പിനെ തുടര്‍ന്ന് ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അടിയില്‍ നിന്നും മണല്‍ താഴേക്ക് ഒലിച്ചിറങ്ങുകയും  റെഗുലേറ്ററിലെ ചോര്‍ച്ചക്കിടയാക്കുകയുമായിരുന്നു. ഇത് പദ്ധതിയുടെ ലക്ഷ്യത്തിന് പ്രതികൂലമായി ബാധിച്ചു. പിന്നീട് സര്‍ക്കാര്‍ ഇടപെടലിനെ തുടർന്നാണ് ഡല്‍ഹി ഐ.ഐ.ടി യിലെ വിദഗ്ദരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് ചോര്‍ച്ച തടയാന്‍ വിപുലമായ പദ്ധതി തയ്യാറാക്കുന്നത്.

സംസ്ഥാനത്തെ എറ്റവും വലിയ ജലസംഭരണിയെന്ന നിലയില്‍ ആരംഭിച്ച പദ്ധതിയിലെ ചോര്‍ച്ചമൂലം ജലസംഭരണമെന്ന ലക്ഷ്യം പ്രാവര്‍ത്തികമായിരുന്നില്ലെങ്കിലും കോഴിക്കോട്-എറണാകുളം പാതയിലെ ഗതാഗത സൗകര്യവും പ്രദേശത്തെ കിണറുകളിലേയും കുളങ്ങളിലേയും ജലനിരപ്പ് ഉയര്‍ത്തുന്നതിനും ഒരു പരിധി വരെ റെഗുലേറ്റർ സഹായകരമായിരുന്നു.

ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ ടെൻഡർ  നടത്തിയാണ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിന്  സര്‍ക്കാര്‍ അനുമതി നല്‍കിയത്. കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കരാര്‍ അംഗീകരിച്ചതോടെയാണ് ചോര്‍ച്ചയടക്കല്‍ പണികള്‍ ആരംഭിക്കുന്നത്. ജലസംഭരണി യാഥാര്‍ത്ഥ്യമാകുന്നതോടെ ജലസേചനം, വാട്ടര്‍ ടൂറിസം, തുടങ്ങി വിവിധ പദ്ധതികളും ഭാരതപ്പുഴയില്‍ നടപ്പിലാകും. വാട്ടര്‍ ടൂറിസത്തിനായി ഗോവയിലെ പ്രശസ്ത വാട്ടര്‍ ടൂറിസം വകുപ്പ് അധികൃതര്‍ നേരത്തെ ഭാരതപുഴ സന്ദര്‍ശിച്ച് പഠനം നടത്തിയിരുന്നു.

നരിപ്പറമ്പിൽ നടന്ന നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടന ചടങ്ങിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.രാമകൃഷ്ണൻ അധ്യക്ഷനായിരുന്നു. തൃപ്രങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി അബ്ദുൽ ഫുക്കാർ, സ്ഥിരം സമിതി ചെയർമാൻ  ഇ.കെ ദിലീഷ്, പി.സുരേഷ്, കെ.നാരായണൻ, പി.പി മുരളി, പാട്ടത്തിൽ ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു