എറണാകുളം:    കോവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് സംഘടനാ തലത്തിൽ വിവിധങ്ങളായ പ്രതിരോധ പ്രവർത്തനങ്ങളാണ് കുടുംബശ്രീ ആവിഷ്കരിച്ചിരിക്കുന്നതായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു.

കുടുംബശ്രീയുടെ ത്രിതല സംവിധാനങ്ങളെയും ഉൾപ്പെടുത്തിയുള്ള മൂന്ന് പരിപാടികൾ പ്രധാനമായും നടക്കുന്നു. അതിൽ ആദ്യത്തേത് കയ്യെത്തും ദൂരത്ത് കരുതലായി സ്നേഹിത എന്ന പ്രവർത്തനമാണ്. അയൽക്കൂട്ട അംഗങ്ങൾക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ 27000 അയൽക്കൂട്ടങ്ങളുമായി നേരിട്ട് ക്ഷേമാന്വേഷണം നടത്തുന്ന പരിപാടിയാണിത്. 100 പേരാണ് ഇത്തരത്തിൽ ടെലി ട്രെയിനിംഗ് നടത്തുന്നത്.

ജില്ലാമിഷന്റെ നേതൃത്വത്തിൽ എ ഡി എസ് ഭരണ സമിതി അംഗങ്ങളുമായി നേരിട്ട് നടത്തുന്ന ഓൺലൈൻ മീറ്റിംഗ് “അരികെ” എന്ന പരിപാടിയാണ് അടുത്തത്. കുടുംബശ്രീ ഒരുക്കിയിരിക്കുന്ന ഹെൽപ് ഡെസ്ക്കിനെക്കുറിച്ചും കോവിഡ് ആശങ്കകളെക്കുറിച്ചും ഹരിത കർമ്മസേന പ്രവർത്തനങ്ങളെക്കുറിച്ചും കൊതുകുജന്യ രോഗങ്ങളെക്കുറിച്ചും അരികെ എന്ന പരിപാടിയിൽ ചർച്ച ചെയ്യുകയും ജില്ലാ മിഷന്റെ ഇടപെടൽ വേണ്ട മേഖലയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.

മൂന്നാമത്തേത് “പ്രതിരോധം” എന്ന് പേരിട്ടിരിക്കുന്ന വെബിനാറുകളാണ്. സി.ഡി.എസ്. തലത്തിൽ കമ്മ്യൂണിറ്റി കൗൺസിലർമാരാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ഇത് കൂടാതെ കുടുംബശ്രീയുടെ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്ക് മുഴുവൻ സമയ കോവിഡ് ഹെൽപ് ഡെസ്ക്കായും പ്രവർത്തനം സജ്ജീകരിച്ചിട്ടുണ്ട്. പ്രാദേശിക വാർ റൂമുകളിൽ കുടുംബശ്രീ ഉദ്യോഗസ്ഥർ നോഡൽ ഓഫീസർമാരായി സേവനം നൽകി വരുന്നു. ജാഗ്രതാ സമിതികളിൽ സി.ഡി.എസ്. ചെയർ പേഴ്സണ്മാർ അവശ്യ സേവനങ്ങൾ നൽകിവരുന്നു.

കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ വഴി എഫ് എൽടിസികളിലും മറ്റ് രോഗികൾക്കും ഭക്ഷണം നൽകി വരുന്നു. എഡിഎസ്, അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ മരുന്നും കിറ്റുകളും മറ്റവശ്യ വസ്തുക്കളും ആവശ്യമുള്ളവർക്ക് എത്തിച്ചു നൽകുന്നു. വാക്സിൻ സംബന്ധിയായ ആശങ്കകൾ പരിഹരിച്ച് വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇടപെടൽ നടത്തിവരുന്നു. രോഗബാധിത ഭവനങ്ങൾ / ഓഫീസുകൾ ഡിസിൻഫെക്റ്റ് ചെയ്യുന്നതിനുള്ള ടീമുകൾ മുഴുവൻ സമയവും പ്രവർത്തന സജ്ജമാണ്.

കുടുംബശ്രീയുടെ കോവിഡ് ഹെൽപ് ലൈൻ നമ്പറുകൾ 24 മണിക്കൂറും സജീവമാണ്.
1800 4255 5678, 8594 034255, 8086 034255