സംസ്ഥാനത്തെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്റെ രാജ്യാന്തര നിലവാരമുള്ള ആധുനിക ഗോഡൗണുകള്‍ തുറക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. കരുനാഗപ്പള്ളിയില്‍ വെയര്‍ ഹൗസിംഗ് കോര്‍പറേഷന്റെ 3600 മെട്രിക് ടണ്‍ ശേഷിയുള്ള പുതിയ ഗോഡൗണ്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സൗഹൃദ കീട രഹിതമായ ശീതീകരിച്ച  ഗോഡൗണുകളാണ് ഇനി ഉണ്ടാവുക. പച്ചക്കറി സംരക്ഷിക്കാന്‍ കൂള്‍ ചേമ്പറുകള്‍ അടങ്ങിയ കൂള്‍ ചെയിന്‍ സിസ്റ്റവും തുടങ്ങും. കേരഫെഡില്‍ ഉത്പന്ന വൈവിദ്ധ്യവത്കരണം നടപ്പിലാക്കും. ഇതേ മാതൃകയില്‍ കൃഷി വകുപ്പിന്റെ എല്ലാ സ്ഥാപനങ്ങളും ലാഭത്തിലാക്കും. കേരളം തരിശു രഹിതമാക്കി മൂന്നു ലക്ഷം ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി സുനില്‍ കുമാര്‍ വ്യക്തമാക്കി.
ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ശ്രീകുമാര്‍, മെമ്പര്‍ റിച്ചു രാഘവന്‍, ജില്ലാ പഞ്ചായത്തംഗം ശ്രീലേഖ വേണുഗോപാല്‍, വെയര്‍ ഹൗസിംഗ് കോര്‍പറേഷന്‍ ചെയര്‍മാന്‍ വാഴൂര്‍ സോമന്‍, എം.ഡി പി.എച്ച്. അഷ്‌റഫ്, കാര്‍ഷിക ക്ഷേമ വകുപ്പ് ഡയറക്ടര്‍ എ.എം. സുനില്‍കുമാര്‍, തദ്ദേശ സ്ഥാപന ഭാരവാഹികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.