മറ്റ് ഭാഷകൾ പോലെ ആംഗ്യഭാഷയും പ്രധാനം : മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ

പൊതു വാർത്തകൾ September 23, 2026
അന്താരാഷ്ട്ര ബധിര വാരാഘോഷത്തിന്റെയും ആംഗ്യഭാഷദിനാചരണത്തിന്റെയും ഉദ്ഘാടനം മാനവീയം വീഥിയിൽ നടന്നു
മറ്റു ഭാഷകൾ പോലെ ആംഗ്യഭാഷയ്ക്കും സമൂഹത്തിൽ പ്രാധാന്യമുണ്ടെന്ന് ഫിഷറീസ്, സാമൂഹിക നീതി വകുപ്പ് മന്ത്രി വി. ഇ അബ്ദുൽ ഗഫൂർ. ആംഗ്യഭാഷ എല്ലാവർക്കും പഠിക്കാൻ കഴിയണമെന്നും ആംഗ്യഭാഷ ഉപയോഗിക്കുന്നവരുമായുള്ള തടസരഹിതമായ ആശയവിനിമയത്തിന് അത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര ബധിരവാരാഘോഷത്തിന്റെയും ആംഗ്യഭാഷ ദിനാചരണത്തിന്റെയും ഉദ്ഘാടനം മാനവീയം വീഥിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസാരിക്കാൻ കഴിയുന്നവരിൽ താത്പര്യമുള്ളവർക്ക് കൂടി ആംഗ്യഭാഷ പഠിപ്പിക്കാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നിഷിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സെപ്റ്റംബർ 21 മുതൽ 27 വരെയാണ് ലോക ബധിര വാരാചരണം നടക്കുന്നത്.
ആംഗ്യഭാഷയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് മാനവീയം വീഥിയിൽ സംഘടിപ്പിച്ച ചുമർചിത്ര രചനയുടെ ഉദ്ഘാടനവും മലയാളം അക്ഷരമാലയുടെ ആംഗ്യലിപികളും വീഡിയോകളും ഉൾപ്പെടുത്തിയ പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
നിഷിലെ 250തോളം കുട്ടികൾ ചേർന്ന് തൂഫാൻ പ്രതിജ്ഞ എടുത്തു. മന്ത്രിയുടെയും വിശിഷ്ടാതിഥികളുടെയും പ്രസംഗം കുട്ടികൾക്ക് ആംഗ്യഭാഷയിലൂടെ തർജ്ജമ ചെയ്തു നൽകി.
ചടങ്ങിൽ തിരുവനന്തപുരം നഗരസഭാ മേയർ വി.വി രാജേഷ്, പാളയം വാർഡ് കൗൺസിലർ ഷേർലി.എസ്, സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അബ്ദുൾ നാസർ.ബി, നിഷ് ഐ.എസ്.എൽ അധ്യാപകൻ സന്ദീപ്.കെ എന്നിവരും പങ്കെടുത്തു